Numbers 33

ഇസ്രായേലിന്റെ പ്രയാണത്തിലെ ഘട്ടങ്ങൾ

1മോശയുടെയും അഹരോന്റെയും നേതൃത്വത്തിൽ ഈജിപ്റ്റിൽനിന്നും ഗണംഗണമായി പുറപ്പെട്ട ഇസ്രായേൽമക്കളുടെ പ്രയാണത്തിലെ പാളയങ്ങൾ ഇവയാണ്: 2യഹോവയുടെ കൽപ്പനപ്രകാരം അവരുടെ പ്രയാണത്തിലെ പാളയങ്ങൾ മോശ രേഖപ്പെടുത്തി. ഘട്ടംഘട്ടമായുള്ള അവരുടെ പ്രയാണം ഇതാണ്:

3 4ഒന്നാംമാസം പതിനഞ്ചാംതീയതി—പെസഹായുടെ പിറ്റേന്നാൾ—ഇസ്രായേല്യർ രമെസേസിൽനിന്ന് യാത്രപുറപ്പെട്ടു. ഈജിപ്റ്റുകാരുടെ ദേവതകളുടെമേൽ യഹോവ ന്യായവിധി വരുത്തുകയാൽ അവിടന്ന് അവരുടെ ഇടയിൽ സംഹരിച്ച അവരുടെ സകല ആദ്യജാതന്മാരെയും സംസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്ന അവരുടെയെല്ലാം കണ്മുമ്പിലൂടെ ഇസ്രായേല്യർ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
5ഇസ്രായേല്യർ രമെസേസിൽനിന്ന് പുറപ്പെട്ട് സൂക്കോത്തിൽ പാളയമടിച്ചു.
6അവർ സൂക്കോത്തിൽനിന്ന് പുറപ്പെട്ട് മരുഭൂമിക്കരികെയുള്ള ഏഥാമിൽ പാളയമടിച്ചു.
7അവർ ഏഥാമിൽനിന്ന് പുറപ്പെട്ട് ബാൽ-സെഫോനു കിഴക്കുഭാഗത്തുള്ള പീ-ഹഹീരോത്തിലേക്കു പിൻവാങ്ങി മിഗ്ദോലിനു സമീപം പാളയമടിച്ചു.
8അവർ പീ-ഹഹീരോത്തിൽനിന്ന് പുറപ്പെട്ട് കടലിലൂടെ മരുഭൂമിയിൽ കടന്നു. അവർ ഏഥാം മരുഭൂമിയിലൂടെ മൂന്നുദിവസം സഞ്ചരിച്ചു, തുടർന്ന് അവർ മാറായിൽ പാളയമടിച്ചു.
9അവർ മാറായിൽനിന്ന് പുറപ്പെട്ട് ഏലീമിലേക്കു പോയി. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു. അവർ അവിടെ പാളയമടിച്ചു.
10അവർ ഏലീമിൽനിന്ന് പുറപ്പെട്ട് ചെങ്കടലിനരികിൽ പാളയമടിച്ചു.
11അവർ ചെങ്കടലിൽനിന്ന് പുറപ്പെട്ട് സീൻമരുഭൂമിയിൽ പാളയമടിച്ചു.
12അവർ സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ട് ദൊഫ്കയിൽ പാളയമടിച്ചു.
13അവർ ദൊഫ്കയിൽനിന്ന് പുറപ്പെട്ട് ആലൂശിൽ പാളയമടിച്ചു.
14അവർ ആലൂശിൽനിന്ന് പുറപ്പെട്ട് രെഫീദീമിൽ പാളയമടിച്ചു. അവിടെ ജനത്തിനു കുടിക്കാൻ വെള്ളമില്ലായിരുന്നു.
15അവർ രെഫീദീമിൽനിന്ന് പുറപ്പെട്ട് സീനായിമരുഭൂമിയിൽ പാളയമടിച്ചു.
16അവർ സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ട് കിബ്രോത്ത്-ഹത്താവയിൽ പാളയമടിച്ചു.
17അവർ കിബ്രോത്ത്-ഹത്താവയിൽനിന്ന് പുറപ്പെട്ട് ഹസേരോത്തിൽ പാളയമടിച്ചു.
18അവർ ഹസേരോത്തിൽനിന്ന് പുറപ്പെട്ട് രിത്മയിൽ പാളയമടിച്ചു.
19അവർ രിത്മയിൽനിന്ന് പുറപ്പെട്ട് രിമ്മോൻ-ഫേരെസിൽ പാളയമടിച്ചു.
20അവർ രിമ്മോൻ-ഫേരെസിൽനിന്ന് പുറപ്പെട്ട് ലിബ്നായിൽ പാളയമടിച്ചു.
21അവർ ലിബ്നായിൽനിന്ന് പുറപ്പെട്ട് രിസ്സയിൽ പാളയമടിച്ചു.
22അവർ രിസ്സയിൽനിന്ന് പുറപ്പെട്ട് കെഹേലാഥയിൽ പാളയമടിച്ചു.
23അവർ കെഹേലാഥയിൽനിന്ന് പുറപ്പെട്ട് ശാഫേർ പർവതത്തിൽ പാളയമടിച്ചു.
24അവർ ശാഫേർ പർവതത്തിൽനിന്ന് പുറപ്പെട്ട് ഹരാദയിൽ പാളയമടിച്ചു.
25അവർ ഹരാദയിൽനിന്ന് പുറപ്പെട്ട് മക്ഹേലോത്തിൽ പാളയമടിച്ചു.
26അവർ മക്ഹേലോത്തിൽനിന്ന് പുറപ്പെട്ട് തഹത്തിൽ പാളയമടിച്ചു.
27അവർ തഹത്തിൽനിന്ന് പുറപ്പെട്ട് താരഹിൽ പാളയമടിച്ചു.
28അവർ താരഹിൽനിന്ന് പുറപ്പെട്ട് മിത്ക്കയിൽ പാളയമടിച്ചു.
29അവർ മിത്ക്കയിൽനിന്ന് പുറപ്പെട്ട് ഹശ്മോനയിൽ പാളയമടിച്ചു.
30അവർ ഹശ്മോനയിൽനിന്ന് പുറപ്പെട്ട് മൊസേരോത്തിൽ പാളയമടിച്ചു.
31അവർ മൊസേരോത്തിൽനിന്ന് പുറപ്പെട്ട് ബെനേ-യാക്കാനിൽ പാളയമടിച്ചു.
32അവർ ബെനേ-യാക്കാനിൽനിന്ന് പുറപ്പെട്ട് ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമടിച്ചു.
33അവർ ഹോർ-ഹഗ്ഗിദ്ഗാദിൽനിന്ന് പുറപ്പെട്ട് യൊത്-ബാഥായിൽ പാളയമടിച്ചു.
34അവർ യൊത്-ബാഥായിൽനിന്ന് പുറപ്പെട്ട് അബ്രോനയിൽ പാളയമടിച്ചു.
35അവർ അബ്രോനയിൽനിന്ന് പുറപ്പെട്ട് എസ്യോൻ-ഗേബെറിൽ പാളയമടിച്ചു.
36അവർ എസ്യോൻ-ഗേബെറിൽനിന്ന് പുറപ്പെട്ട് സീൻ മരുഭൂമിയിലെ കാദേശിൽ പാളയമടിച്ചു.
37അവർ കാദേശിൽനിന്ന് പുറപ്പെട്ട് ഏദോമിന്റെ അതിർത്തിയിലുള്ള ഹോർ പർവതത്തിൽ പാളയമടിച്ചു. 38യഹോവയുടെ കൽപ്പനപ്രകാരം പുരോഹിതനായ അഹരോൻ ഹോർ പർവതത്തിലേക്കു കയറിപ്പോയി. അവിടെ അദ്ദേഹം, ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടശേഷം നാൽപ്പതാംവർഷത്തിന്റെ അഞ്ചാംമാസം ഒന്നാംതീയതി മരിച്ചു. 39അഹരോൻ ഹോർ പർവതത്തിൽവെച്ചു മരിക്കുമ്പോൾ അദ്ദേഹത്തിനു നൂറ്റിഇരുപത്തിമൂന്ന് വയസ്സുണ്ടായിരുന്നു.
40കനാൻ ദേശത്തിനു തെക്കു താമസിച്ചിരുന്ന കനാന്യരാജാവായ അരാദ് ഇസ്രായേല്യർ വരുന്നു എന്നു കേട്ടു.
41ഇസ്രായേല്യർ ഹോർ പർവതത്തിൽനിന്ന് പുറപ്പെട്ട് സല്മോനയിൽ പാളയമടിച്ചു.
42അവർ സല്മോനയിൽനിന്ന് പുറപ്പെട്ട് പൂനോനിൽ പാളയമടിച്ചു.
43അവർ പൂനോനിൽനിന്ന് പുറപ്പെട്ട് ഓബോത്തിൽ പാളയമടിച്ചു.
44അവർ ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിന്റെ അതിർത്തിയിലുള്ള ഇയ്യെ-അബാരീമിൽ പാളയമടിച്ചു.
45അവർ ഇയ്യീമിൽനിന്ന് പുറപ്പെട്ട് ദീബോൻ-ഗാദിൽ പാളയമടിച്ചു.
46അവർ ദീബോൻ-ഗാദിൽനിന്ന് പുറപ്പെട്ട് അല്മോൻ-ദിബ്ലാഥയീമിൽ പാളയമടിച്ചു.
47അവർ അല്മോൻ-ദിബ്ലാഥയീമിൽനിന്ന് പുറപ്പെട്ട് നെബോവിനുസമീപം അബാരീം പർവതങ്ങളിൽ പാളയമടിച്ചു.
48അവർ അബാരീം പർവതങ്ങളിൽനിന്ന് പുറപ്പെട്ടു യെരീഹോവിനെതിരേ യോർദാൻതീരത്ത് മോവാബ് സമതലങ്ങളിൽ പാളയമടിച്ചു. 49അവിടെ മോവാബ് സമതലത്തിൽ യോർദാന്റെ തീരത്ത് ബേത്-യെശീമോത്ത്മുതൽ ആബേൽ-ശിത്തീംവരെ അവർ പാളയമടിച്ചു.

50യെരീഹോവിനെതിരേ യോർദാൻതീരത്ത് മോവാബുസമതലത്തിൽവെച്ച് യഹോവ മോശയോട് അരുളിച്ചെയ്തു: 51“ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘നിങ്ങൾ യോർദാൻ കടന്ന് കനാനിലേക്കു പോകുമ്പോൾ, 52നിങ്ങളുടെമുമ്പിലുള്ള ദേശത്തിലെ സകലനിവാസികളെയും ഓടിച്ചുകളയണം. അവരുടെ വിഗ്രഹങ്ങളെയും പ്രതിമകളെയും നശിപ്പിച്ച് അവർ യാഗമർപ്പിച്ചുവരുന്ന ക്ഷേത്രങ്ങൾ മുഴുവൻ ഇടിച്ചുകളയണം. 53ദേശം കൈവശമാക്കി അതിൽ പാർക്കുക. കാരണം നിങ്ങൾക്കു കൈവശമാക്കാനായി ദേശം ഞാൻ തന്നിരിക്കുന്നു. 54നിങ്ങൾ കുടുംബങ്ങളായി നറുക്കിട്ട് ആ ദേശം കൈവശമാക്കണം. വലിയ ഗോത്രത്തിനു വലിയ അവകാശവും ചെറിയഗോത്രത്തിനു ചെറിയ അവകാശവും നൽകണം. നറുക്കുവീഴുന്നതിലൂടെ ലഭിക്കുന്ന ദേശം ഏതുതന്നെയായാലും അത് അവർക്കുള്ളതായിരിക്കും. നിങ്ങളുടെ പിതൃഗോത്രമനുസരിച്ച് നിങ്ങൾ ദേശം അവകാശമാക്കണം.

55“ ‘എന്നാൽ ദേശത്തിലെ നിവാസികളെ നിങ്ങൾ ഓടിക്കുന്നില്ലെങ്കിൽ, ദേശത്തു തങ്ങാൻ നിങ്ങൾ അനുവദിക്കുന്നവർ നിങ്ങളുടെ കണ്ണുകൾക്കു ചൂണ്ടയും പാർശ്വങ്ങൾക്കു മുള്ളും ആയിരിക്കും. നിങ്ങൾ ജീവിക്കുന്ന ദേശത്ത് അവർ നിങ്ങളെ ഉപദ്രവിക്കും. 56അതുമാത്രമല്ല, ഞാൻ അവരോടു ചെയ്യാൻ വിചാരിച്ചതു നിങ്ങളോടു ചെയ്യും.’ ”

Copyright information for MalMCV